ആലുവ: പ്രീ കെജി കുട്ടികളുമായി ഓട്ടം പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മിനി വാൻ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചൂർണിക്കര കമ്പനിപ്പടി ഫസ്റ്റ് ക്രൈ ഇന്റലി ടോട്ട്സ് പ്ലേസ്കൂൾ ഡ്രൈവർ കോളനിപ്പടി എസ്റ്റേറ്റ് റോഡിൽ കരിങ്ങാട്ടിൽ അനി എന്ന് വിളിക്കുന്ന ജോജു സാമുവൽ (61) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുന്നത്തേരിയിലായിരുന്നു സംഭവം.
ഉച്ചയ്ക്ക് രണ്ടിന് സ്കൂൾവിട്ടശേഷം 10 ഓളം കുട്ടികളെ വീടുകളിൽ എത്തിക്കുന്നതിനായി പോയതാണ് മിനിവാൻ. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ വാഹനം നിർത്തി പുറത്തിറങ്ങിയ അനി സമീപത്തെ വീട്ടിൽ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷമാണ് കുഴഞ്ഞുവീണത്. ഉടൻ മറ്റൊരു വാഹനത്തിൽ അശോകപുരം കാർമൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മോളിക്കുട്ടി. സംസ്കാരം നാളെ യുസി കോളജിന് സമീപം ബ്രദറൻ സെമിനാരിയിൽ നടക്കും.
അശോകപുരം, എടയപ്പുറം, കുട്ടമശേരി, ചാലക്കൽ ഭാഗങ്ങളിലെ കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. വാനിൽ ഉണ്ടായിരുന്ന സഹായി വിളിച്ചറിയിച്ചതനുസരിച്ച് സ്കൂളിൽ നിന്ന് മറ്റൊരു വാഹനമെത്തി കുട്ടികളെ വീട്ടിലെത്തിച്ചു.